അരിയും മലരും മുദ്രാവാക്യം ജഡ‌ജിമാർക്കും പൊലീസിനും ബാധകം; ഫേസ്ബുക്ക് കുറിപ്പുമായി എ ജയശങ്കർ

ന്യൂഡൽഹി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിച്ചിരുന്നു. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിയാണ് വിധിപ്രസ്താവം നടത്തിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടർന്ന് വി ജി ശ്രീദേവിയ്ക്ക് ഇപ്പോൾ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

ക്വാർട്ടേഴ്‌സിൽ എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണ് ജഡ്ജിന് ഏർപ്പെടുത്തിയിട്ടുള്ളത്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോടാ, കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോടാ എന്ന് ആലപ്പുഴയിൽ അലയടിച്ച ആ മുദ്രാവാക്യം ജഡ്ജിമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണെന്നും അല്ലെങ്കിൽ നീലകണ്ഠ ഗഞ്ചുവിന്റെ ചരിത്രം ആവർത്തിക്കുമെന്നും ജയശങ്കർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

ഓർമ്മയില്ലേ, ആലപ്പുഴയിൽ അലയടിച്ച ആ മുദ്രാവാക്യം?
അരിയും മലരും വാങ്ങിച്ച്
വീട്ടിൽ കാത്തു വെച്ചോടാ,
കുന്തിരിക്കം വാങ്ങിച്ച്
വീട്ടിൽ കാത്തു വെച്ചോടാ..
ഇത് ജഡ്ജിമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ്. അല്ലെങ്കിൽ നീലകണ്ഠ ഗഞ്ചുവിൻറെ ചരിത്രം ആവർത്തിക്കും