തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം നിലമേലിൽ ഗവർക്ക് നേരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഭാവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗവർണറുടെ സുരക്ഷക്കെത്തിയ സിആർപിഎഫിന് കേസെടുക്കാൻ കഴിയുമോയെന്നും ഗവർണ്ണർ ആഗ്രഹിക്കുന്ന രീതിയിൽ സിആർപിഎഫിന് പ്രവർത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. അധികാര സ്ഥാനത്തിരിക്കുന്നവർക്കു നേരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധസ്വരങ്ങൾ ഉയർന്നേക്കാം. ആ പ്രതിഷേധസ്വരങ്ങൾ, പ്രകടനങ്ങൾ നടക്കുമ്പോൾ അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ സ്വീകരിക്കേണ്ട നിലപാടെന്താണ്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് എന്തു നടപടി എടുക്കുന്നു എന്നു നോക്കാൻ വേണ്ടി അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. സാധാരണ സെക്യൂരിറ്റി നിലപാടുകൾക്കു വിരുദ്ധമായ കാര്യമാണ്, ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സാധാരണ പൊലീസ് ചെയ്യേണ്ട ഡ്യൂട്ടിയാണത്. അത് പൊലീസ് നിർവഹിക്കും. നിയമനടപടികൾ താൻ പറയുന്നത് പോലെ സ്വീകരിക്കണം, ഏതെങ്കിലും ഒരാൾ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് എഫ്ഐആറിനു വേണ്ടി സമരം നടത്തുന്ന സ്ഥിതി നമ്മൾ കണ്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സുരക്ഷ സിആർപിഎഫിനു കൈമാറിയെന്നാണു പറയുന്നത്. അതു വളരെ വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവനെന്ന നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ ഇവരെല്ലാം ആർഎസ്എസ് പ്രവർത്തകരാണ്. ആ പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിൽ ചില ആർഎസ്എസുകാർക്ക് നേരത്തെ കേന്ദ്രഗവൺമെന്റ് ഒരുക്കിയിട്ടുള്ള ആ കൂട്ടിൽ ഒതുങ്ങാനാണ് അദ്ദേഹം ഇപ്പോൾ തയാറായിരിക്കുന്നത്. അതുകൊണ്ട് എന്താണു പ്രത്യേക മേന്മ എന്ന് അറിയില്ല. കേരളം സിആർപിഎഫ് നേരിട്ട് ഭരിക്കുമോ. എന്താണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. സിആർപിഎഫിന് നേരിട്ടിറങ്ങി കാര്യങ്ങൾ നിർവഹിക്കാൻ പറ്റുമോ. ഗവർണറുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇതുവരെ ഇവിടെയുണ്ടായിട്ടുണ്ടോ. നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥകളില്ലേ. ഏത് അധികാര സ്ഥാനവും വലുതല്ല. അതിനു മേലെയാണു നിയമം. നിയമത്തിനു കീഴെയാണ് ഏത് അധികാര സ്ഥാനവും. ആ നിയമമാണു പരമപ്രധാനം. അതു മനസിലാക്കാൻ സാധിക്കണം. സ്വയം വിവേകം കാണിക്കുക എന്നതാണ് പ്രധാനം. സ്കൂളിൽനിന്നു പഠിക്കേണ്ട കാര്യമല്ല. സ്വയം അനുഭവത്തിലൂടെ ആർജിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

