ഗവർണർ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെപോലെ; വിമർശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഗവർണർ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെപോലെയെന്നും അക്രമ സംഭവങ്ങൾ അരങ്ങേറുകയെന്ന രീതിയോടെയാണ് ഗവർണർ നീങ്ങിയതെന്നും ആർഷോ പറഞ്ഞു.

ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവർണറുടേത്. ജനാധിപത്യ സമരങ്ങളോട് അദ്ദേഹത്തിനു പുച്ഛമാണ്. എങ്ങനെയും അക്രമസംഭവങ്ങൾ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണിത്. ഗവർണർക്കെതിരായ സമരം ശക്തമായി തുടർന്നുപോകും. ഗവർണർ അധികാരം ദുർവിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുത്തുകയാണ്. പ്രോട്ടോക്കോൾ ലംഘിച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. തന്നെ ആക്രമിച്ചുവെന്ന് ഗവർണർ നുണപറയുകയാണെന്നും ആർഷോ ചൂണ്ടിക്കാട്ടി.

ഗവർണറുടെ വാഹനത്തിന് സമീപത്തേക്ക് ഒരു വിദ്യാർഥിയും പോയിട്ടില്ല. സമാധാന സമരത്തെ അക്രമമാക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ഗവർണർ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരവുമായി മുന്നോട്ടുപോകും. ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പോലീസ്. പ്രതിഷേധാക്കാർക്കെതിരെ 124 ചുമത്തിയതിൽ തങ്ങൾക്ക് വലിയ വിമർശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആർഷോ കൂട്ടിച്ചേർത്തു.