ന്യൂഡൽഹി: പത്മഭൂഷൻ പുരസ്‌കാരം ലഭിച്ചതിൽ പ്രതികരണവുമായി ഗായിക ഉഷാ ഉതുപ്പ്. താൻ വളരെയധികം ആവേശത്തിലാണെന്നും തന്റെ ശബ്ദത്തിൽ നിന്നും നിങ്ങൾക്ക് അതു മനസ്സിലാകുമെന്നും ഉഷാ ഉതുപ്പ് പറഞ്ഞു. തന്റെ സംഭാവനകളെ സർക്കാർ അംഗീകരിച്ചതിൽ നന്ദിയുണ്ടെന്നും ഉഷാ ഉതുപ്പ് പറഞ്ഞു.
സ്വന്തം രാജ്യം തന്നെ നിങ്ങളെ ആദരിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തനിക്ക് ഈ അവാർഡ് തന്നതിൽ രാജ്യത്തോട് നന്ദി പറയുന്നു. സ്വപ്നം സാധ്യമാക്കാൻ സഹായിച്ച മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സംഗീത സംവിധായകർക്കും പ്രേക്ഷകർക്കും നന്ദി. തന്റെ അസ്വാദകർ ഇല്ലായിരുന്നെങ്കിൽ താൻ വട്ടപൂജ്യമായിരുന്നേനെ. തന്റെ എല്ലാ പാട്ടുകളിലും ദൈവത്തിന്റെ പേരുണ്ടെന്നും ഉഷാ ഉതുപ്പ് അറിയിച്ചു.
താൻ ജനങ്ങളുടെ പാട്ടുകാരിയാണ്. അവർക്ക് എന്താണോ ഇഷ്ടം അത് പാടും. താൻ നൈറ്റ് ക്ലബ് ഗായികയായാണു തുടങ്ങിയത്. അതിൽ ഇപ്പോഴും അഭിമാനിക്കുന്നുവെന്നും ഉഷാ ഉതുപ്പ് കൂട്ടിച്ചേർത്തു.

