തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ അറ്റ് ഹോം എന്ന പേരിലാണ് ഗവർണർ റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ചത്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ വിരുന്ന് ബഹിഷ്‌ക്കരിച്ചിരിക്കുന്നത്. മന്ത്രിമാർക്ക് പുറമെ വിശിഷ്ടാതിഥികളെയും ഗവർണർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ വിരുന്നൊരുക്കാൻ വേണ്ടി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ രാജ്ഭവന് അനുവദിച്ചത് 20 ലക്ഷം രൂപയാണ്. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണ് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്.
വിരുന്നിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാജ്ഭവൻ സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ധനവകുപ്പ് രാജ്ഭവൻ വിരുന്നിന് തുക അനുവദിച്ചത്.

