ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ; അപ്രതീക്ഷിത നീക്കവുമായി ഗവർണറും

കൊല്ലം: കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി എസ്എഫ്‌ഐ. കൊല്ലം നിലമേൽ ആയിരുന്നു ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ഗവർണർ കടന്നു പോകുന്ന വഴിയിൽ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടിയും ബാനറുകളും ഉയർത്തി. തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർക്ക് മുൻപിലേക്ക് ഇറങ്ങിച്ചെന്ന് ഗവർണർ കുത്തിയിരുന്നു.

പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാതെ പോകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. നാടകീയ രംഗങ്ങളാണ് ഇന്ന് നിലമേലിൽ അരങ്ങേറിയത്. തന്റെ പേഴ്സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും ഗവർണർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും പ്രതിഷേധത്തിനിടെ കുത്തിയിരുന്നു കൊണ്ട് ഗവർണർ വ്യക്തമാക്കിയിരുന്നു.

പൊലീസിനെതിരേയും ഗവർണർ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് പൊലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പൊലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഗവർണറെ തിരികെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പൊലീസിനു നേരെ ആക്രോശിച്ചുകൊണ്ട് തൊട്ടടുത്തുള്ള കടത്തിണ്ണിയിൽ കയറി കുത്തിയിരുന്നു. തുടർന്ന് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരം റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ഗവർണ്ണറുടേത് ഷോ ആണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.