റിപ്പബ്ലിക് ദിന വിരുന്ന്; രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ വിരുന്നൊരുക്കാൻ വേണ്ടി സംസ്ഥാന സർക്കാർ രാജ്ഭവന് അനുവദിച്ചത് 20 ലക്ഷം രൂപ. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണ് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനുവരി 26നാണ് രാജ്ഭവനിൽ റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

അറ്റ് ഹോം എന്ന പേരിലാണ് ഗവർണർ വിരുന്നൊരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിരുന്നിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വിരുന്നിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാജ്ഭവൻ സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ധനവകുപ്പ് രാജ്ഭവൻ വിരുന്നിന് തുക അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലും ആണ് 20 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.