ഓപ്പറേഷൻ ജാഗ്രത; 24 മണിക്കൂറിനിടെ അറസ്റ്റിലായത് 114 പേർ

കൊച്ചി: ‘ഓപ്പറേഷൻ ജാഗ്രത’ പരിശോധനയിൽ 24 മണിക്കൂറിനിടെ 114 പേരെ അറസ്റ്റ് ചെയ്ത് കൊച്ചി പോലീസ്. പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ വിവിധ കേസുകളിലെ 114 പേരെയാണ് ‘ഓപ്പറേഷൻ ജാഗ്രത’യിലൂടെ അറസ്റ്റ് ചെയ്തത്. കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

24 മണിക്കൂറിനുള്ളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ വലയിലാക്കിയത്. വധശ്രമം, പോക്‌സോ അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികൾ ഉൾപ്പെടെ പിടിയിലായതായി അദ്ദേഹം അറിയിച്ചു. ‘ഓപ്പറേഷൻ ജാഗ്രത’തയുടെ ഭാഗമായി കൊച്ചി പൊലീസ് പരിശോധന നടത്തിയത് 194 സ്ഥലങ്ങളിലാണ്.

അതേസമയം, കൊച്ചിയിൽ കഴിഞ്ഞ വർഷം 1359 ലഹരി കേസുകളാണ് റിപ്പോർട്ട് ചെയ്തതതെന്നും മുൻവർഷത്തേക്കാൾ കൂടുതൽ കേസുകൾ ഇക്കുറി ഉണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു. ലഹരി കേസുകളിൽ കൂടുതലും എംഡിഎംഎ കേസുകളാണ്. ഇത്തരം കേസുകൾക്ക് പൂട്ടിടാനായി കൊച്ചിയിൽ വാഹന പരിശോധന ശക്തമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.