തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുന്നു. ടെസ്റ്റുകൾ കൂടുതൽ കാഠിന്യമേറിയതാക്കാനാണ് തീരുമാനം. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് പുതിയ നടപടി.
നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് താരതമ്യേനെ എളുപ്പമുള്ളതിന്നാലും ഡ്രൈവിങ്ങിൽ മികവില്ലാത്തതിനാലുമാണ് അപകടങ്ങൾ വർദ്ധിക്കുന്നതെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കെ ബി ഗണേഷ് കുമാർ പുതിയ പരിഷ്കാരങ്ങൾ നടത്താൻ നിർദ്ദേശം നൽകിയത്.
പരിഷ്കാരം സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ കമ്മീഷനെ നിയമിക്കുകയും ചെയ്തു. സീനിയർ ഡെപ്യൂട്ടി കമ്മീഷണർ ആണ് സമിതിയുടെ അധ്യക്ഷൻ.
ഇവരോട് ഒരാഴ്ച്ചക്കുള്ളിൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കെഎസ്ആർടിസി ശമ്പള വിഷയത്തിലും കെ ബി ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പദ്ധതി പ്രാവർത്തികമാക്കിയാൽ മൂന്നുമാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

