2024 ൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2024 ൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2025ൽആർഎസ്എസിന്റെ നൂറാം വാർഷികമാണ്. ഇതോടെ രാജ്യത്ത് ഭരണഘടന ഇല്ലാതാകുമെന്നും ചാതുർവർണ്യ വ്യവസ്ഥ പുനസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണം. അല്ലാത്ത പക്ഷം രാജ്യം അപകടകരമായ സ്ഥിതിയിലെത്തും. വയനാട് മേപ്പാടിയിൽ നടന്ന പി എ മുഹമ്മദ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഏപ്രിൽ – മെയ് ആകുമ്പോൾ തെരഞ്ഞെടുപ്പ് വരും. ജനപ്രശ്നം പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാൻ ആകില്ല. അത്രയ്ക്ക് ദുരിതവും പട്ടിണിയും ആണ് രാജ്യത്ത്. അതിനെ മറികടക്കാൻ വിശ്വാസത്തെ രാഷ്ട്രീയ ആയുധം ആയി ഉപയോഗിക്കുന്നു. ഇതിനെയാണ് വർഗീയത എന്ന് പറയുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമക്ഷേത്രം പണി നടക്കുന്നെ ഉള്ളു. 2025ൽ മാത്രമേ ക്ഷേത്രം പണി പൂർത്തിയാകൂ. ഉമ്മൻ ചാണ്ടി കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്ത പോലെയാണ് നാളെത്തെ പരിപാടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഹിന്ദുമതത്തിലെ പ്രധാന ആചാര്യൻമാരായ ശങ്കരാചാര്യൻമാർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇത് ശരിയായ നടപടിയല്ല എന്നാണ് അവർ പോലും പറയുന്നത്. തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനുള്ള പണിയാണതെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

പാർട്ടിയിൽ തെറ്റായ പ്രവണതകളും ജനങ്ങൾക്ക് പൊറുക്കാൻ കഴിയാത്ത കാര്യങ്ങളുമുണ്ടാകരുത് താനാണ് കമ്മ്യൂണിസ്റ്റ് എന്നൊരു തോന്നാൽ പലർക്കും ഉണ്ടാകാം. താൻ അല്ല കമ്മ്യൂണിസ്റ്റ് എന്ന ബോധം എല്ലാവർക്കും വേണം. പാർട്ടിയെ പടുത്ത ഭൂതകാലം ഓർമവേണം. എത്ര പേര് ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേത്. തെറ്റായ പ്രവണതകൾ, ജനങ്ങൾക്ക് പൊറുക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടാവരുത്. തെറ്റുകൾ തിരുത്തി പോവാൻ കഴിയണമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളം വളരേണ്ടെന്നും ലോകത്തിന് മുന്നിൽ മാതൃകയാകേണ്ടതില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കേരളം തിരിച്ചറിയുന്നുണ്ട്. കേന്ദ്രം നൽകേണ്ട വിഹിതം കൈമാറാത്തതിനാൽ ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ നമുക്കാവുന്നില്ല. കേന്ദ്രവിഹിതവും കുടിശികയും നൽകിയാൽ കുടിശികയും നൽകാൻ കേന്ദ്രം തയ്യാറായാൽ കേരളത്തിന്റെ പ്രതിസന്ധികൾ തീരും. സാമ്പത്തിക പ്രതിസന്ധിയിൽ കരുതലോടെയാണ് കേരളം മുന്നോട്ട് പോകുന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾക്കെതിരായ സമരത്തിലേക്കുള്ള ക്ഷണം പ്രതിപക്ഷം രാഷ്ട്രീയകാരണങ്ങളാൽ നിരസിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കാൾ തങ്ങളുടെ രാഷ്ട്രീയമാണ് വലുതെന്നാണ് പ്രതിപക്ഷം പറയുന്നത്. ജനവിരുദ്ധമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര അവഗണനയെ പ്രതിരോധിക്കാൻ ജനങ്ങളുടെ കയ്യിലുള്ള ആയുധം ജനകീയ പോരാട്ടം മാത്രമാണ്. ഉജ്വലമായ ചെറുത്തുനിൽപ്പിന്റെ ഉജ്വലമുഖമായി ഡിവൈഎഫ്ഐ പ്രഖ്യാപിച്ച മനുഷ്യച്ചങ്ങല മാറി. ജനങ്ങൾ ഒറ്റക്കെട്ടയായി അണിചേർന്നത് കേരളത്തിന്റെ സമരചരിത്രത്തിലെ പുതിയ അധ്യായമായി മാറിയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.