കയ്യ് വെട്ടുമെന്നുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ; പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈൻ അലി ശിഹാബ് തങ്ങൾക്ക് എതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ രൂക്ഷപ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഇത് തീർത്തും പ്രതിഷേധാർഹമായ കാര്യം തന്നെയാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെ ടെലിഫോൺ വഴി ഭീഷണിപ്പെടുത്തിയത് അന്വേഷിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ആവശ്യപ്പെട്ടു. സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഭീരുക്കളാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത്. നേതാക്കൾക്കും പ്രവർത്തകർക്കും ഏത് തരത്തിലുള്ള സംരക്ഷണം നൽകാനും യൂത്ത് ലീഗിന് സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പാണക്കാട് മുഈനലി തങ്ങൾക്കെതിരെയുളള ഭീഷണിയിൽ പോലീസ് നടപടി വേഗത്തിലാക്കണമെന്നും ആ വ്യക്തിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കുറ്റവാളിക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണം. ഭീഷണിപ്പെടുത്തിയ വ്യക്തിയെ അച്ചടക്കം ലംഘിച്ചതിന് പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. നിലവിൽ ഈ വ്യക്തിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ലീഗിന്റെ നിലപാട് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ പറയുന്നതാണ്. മുഈനലി തങ്ങൾക്കൊപ്പം പാർട്ടിയുണ്ടെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

പാർട്ടിയെ വെല്ലുവിളിച്ചു മുന്നോട്ടുപോയാൽ മുഈൻ അലി ശിഹാബ് തങ്ങൾ വീൽചെയറിലാകുമെന്നും പുറത്തിറങ്ങാൻ ആകില്ലെന്നുമായിരുന്നു ഭീഷണി സന്ദേശം. ലീഗ് പ്രവർത്തകൻ റാഫി പുതിയകടവാണു സന്ദേശം അയച്ചതെന്നാണു മുഈനലി തങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.