ജനുവരി 22ന് സൗഹാർദസംഗമം നടത്താൻ ഐഎൻഎൽ; ഇപി ജയരാജൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് സൗഹാർദസംഗമം നടത്തുമെന്ന് അറിയിച്ച് ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) സംസ്ഥാന കമ്മിറ്റി. മതത്തിന് തീ കൊളുത്തരുത്, മതേതര ഇന്ത്യയെ കൊല്ലരുത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി നടക്കുക. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ 22ന് വൈകിട്ട് മൂന്ന് മണിയ്ക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സൗഹാർദ സംഗമം ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എംഎൽഎ, കെ ടി ജലീൽ എംഎൽഎ, എം വി ശ്രേയാംസ്‌കുമാർ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, അലി അബ്ദുല്ല, ഉമർ ഫൈസി മുക്കം, പി.കെ പാറക്കടവ്, സിപിഎം ജില്ലാസെക്രട്ടറി പി മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, തസ്‌നീം ഇബ്രാഹീം, എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദ് തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിക്കും. ഐഎൻഎൽ കലാ സാംസ്‌കാരിക വിഭാഗമായ ‘ഇനാഫ്’ പരിപാടിക്കു മുൻപു സംഗീത വിരുന്ന് നടത്തും.

കെ ടി ജലീൽ എംഎൽഎ എഴുതിയ ഇന്തൊനീഷ്യൻ യാത്രാവിവരണം ‘ക്ഷേത്രനിബിഢമായ മുസ്ലിം രാജ്യം’ എന്ന പുസ്തകവും ഇ പി ജയരാജൻ പ്രകാശനം ചെയ്യും. അതേസമയം, നാഷണൽ വിമെൻസ് ലീഗ് (എൻവൈഡബ്ല്യൂ) സംസ്ഥാന കൺവൻഷൻ 22ന് രാവിലെ 11ന് ചെറൂട്ടി റോഡ് ഗാന്ധി ഗൃഹത്തിൽ നടക്കും.