തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സൂപ്പർ താരങ്ങൾ മോഹൻ, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹ ചടങ്ങ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. വിവാഹദിനത്തിൽ ഭാഗ്യ ധരിച്ച വസ്ത്രങ്ങളെ കുറിച്ചും ആഭരണങ്ങളെ കുറിച്ചുമെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പിന്നീട് വലിയ ചർച്ച നടന്നിരുന്നു. ഇത്തരം പ്രചാരണങ്ങളിൽ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
ആഭരണങ്ങളെല്ലാം മാതാപിതാക്കളും മുത്തശ്ശിമാരും ഭാഗ്യയ്ക്ക് നൽകിയ സമ്മാനമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ താൻ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്. ജിഎസ്ടിയും ബില്ലുമെല്ലാം കൃത്യമായി അടച്ചു. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിസൈർമാരാണ് ചെയ്തത്. ഒരു ആഭരണം ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത് ചെയ്യുന്നത് നിർത്തുക, വൈകാരികമായി തന്നെയോ തന്റെ കുടുംബത്തെയോ തകർക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും ബാദ്ധ്യസ്ഥനാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

