മാത്യുകുഴൽനാടൻ വാങ്ങിയ ഭൂമിയുടെ പോക്കുവരവിൽ ക്രമക്കേട്; കണ്ടെത്തലുമായി വിജിലൻസ്

ഇടുക്കി: കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യുകുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ ഭൂമിയുടെ പോക്കുവരവിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി വിജിലൻസ്. മാത്യുകുഴൽനാടൻ വാങ്ങിയതിൽ അമ്പത് സെന്റ് അധിക ഭൂമിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആധാരത്തിലുള്ളതിനേക്കാൾ അമ്പത് സെന്റ് അധികം അളവിൽ കാണുന്നുണ്ട്്.. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമാണിതെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നതാണ്. ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ ഇത് അടയാളപ്പെടുത്തിയില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടനും രംഗത്തെത്തി. ഭൂമി വാങ്ങിയതിന് ശേഷം ഇതുവരെ അളന്നുനോക്കിയിട്ടില്ലെന്നും ഭൂമി അളന്നുനോക്കാതെയാണ് പുറംപോക്ക് ഭൂമി കൈയേറിയെന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രമക്കേട് നടത്തിയത് മാത്യുക്കുഴൽനാടൻ ആണെന്നതിന് തെളിവില്ല. 2008 മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ ഭൂമിയായിരുന്നു. മാത്യു കുഴൽനാടന്റെ കൈവശമുള്ള ഭൂമിയിലെ 50 സെന്റ് അധിക ഭൂമി തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ശുപാർശ ചെയ്യും. അത് പിന്നീട് മറ്റൊരാൾക്ക് വിറ്റ ശേഷമാണ് കുഴൽനാടിന്റെ കൈകളിൽ എത്തിയത്. മിച്ചഭൂമിയാണെന്ന് അറിഞ്ഞു കൊണ്ടാണ് കുഴൽനാടൻ വാങ്ങി എന്നതിന് തെളിവില്ലെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി.