സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ട; വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: എഴുത്തുകാരൻ എംടി വാസുദേവൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ വ്യക്തി ആരാധനയെ വിമർശിച്ചതിനാണ് അദ്ദേഹം എംടിക്കെതിരെ രംഗത്തെത്തിയത്. ആലപ്പുഴയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലർക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും ജി സുധാകരൻ വ്യക്തമാക്കി. അതേസമയം, എം ടി വാസുദേവൻ നായരുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും രംഗത്തെത്തി. എംടി സംസ്ഥാനത്തെ സിപിഎം നേതൃത്വത്തെ വിമർശിച്ചെന്നത് മാധ്യമ വ്യാഖ്യാനമെന്ന് ബൃന്ദാ കാരാട്ട് അറിയിച്ചു.

ഇല്ലാത്ത കാര്യങ്ങളിൽ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്നതിൽ കേരളത്തിലെ ചില മാധ്യമ കേന്ദ്രങ്ങൾ വിദഗ്ധരാണ്. എംടി വിവാദം അതിന് ഉദാഹരണമാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.