ഇടുക്കി: ഭക്ഷ്യവിഷബാധ മൂലം 13 പശുക്കൾ മരണപ്പെട്ട ഇടുക്കിയിലെ കുട്ടി കർഷകൻ മാത്യു ബെന്നിക്ക് കെഎൽഡി ബോർഡിൽ നിന്നും അഞ്ചു പശുക്കളെ കൈമാറി. അഞ്ച് സങ്കരയിനം എച്ച് എഫ് ഗർഭിണി കിടാരികളെ ഇൻഷുറൻസ് പരിരക്ഷയോടുകൂടിയാണ് കൈമാറിയത്. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്.
മിൽമ എറണാകുളം മേഖലാ യൂണിയൻ വാഗ്ദാനം ചെയ്ത അടിയന്തര ധനസഹായമായ 45,000 രൂപയും, കേരള ഫീഡ്‌സ് നൽകുന്ന സഹായമായ ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും കൈമാറിയെന്നും മന്ത്രി അറിയിച്ചു.
തൊടുപുഴ വെള്ളിയാമറ്റത്താണ് കുട്ടിക്കർഷകരായ ജോർജു കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കൾ കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് ചത്തുവീണത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്. പശുക്കൾ ചത്ത സംഭവം വാർത്തയായതിന് പിന്നാലെ കർഷകർക്ക് സഹായ വാഗ്ദാനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ജയറാം, പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രമുഖരാണ് കുട്ടിക്കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

