ന്യൂഡൽഹി: 2016 ൽ 29 പേരുമായി ബംഗാൾ ഉൾക്കടലിനു മുകളിൽ കാണാതായ എഎൻ-32 എന്ന ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈ തീരത്തുനിന്ന് 310 കി.മീ. അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. വിമാനത്തിൽ വ്യോമസേനയിലെയും സൈന്യത്തിലെയും തീരസംരക്ഷണസേനയിലേയും 29 ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
ചെന്നൈയിലെ താംബരം വ്യോമതാവളത്തിൽ നിന്ന് 2016 ജൂലൈ 22ന് രാവിലെ 8 മണിയോടെയാണ് അന്റോനോവ് എഎൻ-32 വിമാനം പറന്നുയർന്നത്. ജീവനക്കാരുൾപ്പെടെ 29 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പോർട്ട് ബ്ലെയറിലേക്കാണ് വിമാനം യാത്ര തിരിച്ചത്. എന്നാൽ, വിമാനം പറന്നുയർന്ന് കുറച്ചുസമയത്തിനുള്ളിൽ തന്നെ വിമാനവുമായി ഉണ്ടായിരുന്ന ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു.
ബംഗാൾ ഉൾക്കടലിനു മുകളിൽവച്ചാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. തുടർന്ന് വലിയ രീതിയിൽ തെരച്ചിൽ നടന്നെങ്കിലും വിമാനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

