തിരുവനന്തപുരം: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ചടങ്ങ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പുരോഹിതരല്ല പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നതെന്നും അതിൽ രാഷ്ട്രിയ അർത്ഥം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്. അല്ലാതെ രാഷ്ട്രീയം കളിക്കാനല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകും. ഈ അവസരത്തിൽ അല്ല പോകേണ്ടതെന്നും ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുക്കൾ പ്രതിഷ്ഠാ ദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനം. ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ല. കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികൾ ഉണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനെക്കുറിച്ചും ശശി തരൂർ പറഞ്ഞു. രാഹുൽ ഗാന്ധിയ്ക്ക് എവിടെയും മത്സരിക്കാമെന്നും വയനാട്ടിൽ വീണ്ടും മത്സരിച്ചാൽ ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.

