ന്യൂഡൽഹി: കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹർജിയിലാണ് കോടതിയുടെ നടപടി. പെൻഷൻ നൽകാൻ ബുദ്ധിമുട്ടുകയാണെന്നും അടിയന്തരമായി വിഷയം പരിഗണിക്കണം എന്നുമാണ് കേരളത്തിനുവേണ്ടി ഹാജരായ കപിൽ സിബിൾ കോടതിയിൽ ആവശ്യപ്പെട്ടത്.
വായ്പ പരിധി വെട്ടിക്കുറച്ച് അടക്കമുള്ള നടപടികളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ കേരളം ഹർജി നൽകിയത്. ജനുവരി 25ന് സുപ്രീംകോടതി കേസ് പരിഗണിക്കും. ആർട്ടിക്കിൾ 131 അനുസരിച്ചാണ് കേരളം ഹർജി നൽകിയിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം ഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്ന ആവശ്യവും ഹർജി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പ വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറലിസം കേന്ദ്രം പടിപടിയായി തകർക്കുന്നുവെന്നും കേന്ദ്രത്തിന്റെ കടമെടുപ്പിന് പരിധികൾ ഇല്ലാതിരിക്കുകയാണ് കേരളത്തെ ഞെരുക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അടിയന്തരമായി 26000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഹർജിയിൽ പറയുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഉണ്ടെങ്കിൽ സുപ്രീംകോടതിക്ക് ഇടപെടാം എന്നാണ് ആർട്ടിക്കിൾ 131ൽ പറയുന്നത്.

