നയൻതാരയുടെ ചിത്രമായ ‘അന്നപൂരണി’യുടെ വിവാദത്തിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്. നെറ്റ്ഫ്ളിക്സിൽനിന്നും ചിത്രം നീക്കം ചെയ്തതിനു പിന്നാലെയാണ് പാർവതിയുടെ പ്രതികരണം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ എത്തിയിരിക്കുന്നത്. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് അന്നപൂരണി വിവാദത്തിൽ പാർവതി പ്രതികരിച്ചത്. ഇത്തരത്തിൽ സിനിമ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാർവതി പറയുന്നു.
നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിൽ ചിത്രം, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെനും ഹിന്ദുമതത്തെ അവഹേളിക്കുന്നുവെന്നും കാട്ടി രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ ആദ്യം പരാതിനൽകിയത്. പിന്നീട് മധ്യപ്രദേശിലെ ജബൽപൂരിലെ രണ്ട് വലതുപക്ഷ സംഘടനകൾ നൽകിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് നെറ്ഫ്ലിക്സിൽ നിന്നും ചിത്രം നീക്കം ചെയ്തത്. ഇതിനോടകം തന്നെ ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.

