മുസ്ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു; മുഖ്യമന്ത്രി

മലപ്പുറം: മുസ്ലിം ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ഇടതുപക്ഷത്തിന്റെ ഭാഗമായി ലീഗ് സഹകരിച്ചു പ്രവർത്തിക്കുന്ന നിലയുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാനെന്ന് ആർഎസ്എസും മറ്റു ചിലരും ആക്ഷേപിച്ചു. ആക്ഷേപിച്ച മറ്റുചിലർ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1967 ലെ ഇഎംഎസ് മന്ത്രിസഭ ഈ പിന്നാക്കദേശത്തിന്റെ വികസനത്തിനായി മലപ്പുറം ജില്ല പ്രഖ്യാപിച്ചു. കൊച്ചു പാക്കിസ്ഥാൻ കേരളത്തിൽ രൂപീകൃതമായിരിക്കുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപിച്ചത്. 60കളിൽ ഇടതുപക്ഷത്തിന്റെ ഭാഗമായി ലീഗ് സഹകരിച്ചു പ്രവർത്തിക്കുന്ന നിലയുണ്ടായി. ആ ഘട്ടത്തിൽ ‘റാവൽപിണ്ടി പീക്കിങ് അച്ചുതണ്ട്’ എന്നതിനെ ആക്ഷേപിച്ചത് ആരായിരുന്നു എന്ന് ഓർക്കുന്നതും നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.

അവരുടെ പേരെടുത്തു പറഞ്ഞ് ഇപ്പോൾ ആക്ഷേപിക്കാൻ താൻ തയാറാവുന്നില്ല. ചരിത്രവസ്തുത നമ്മൾ ഓർക്കണമെന്നുള്ളതുകൊണ്ട് മാത്രം ആ കാര്യങ്ങൾ പറഞ്ഞു. പേരു പറഞ്ഞു വിഷമമുണ്ടാക്കാൻ ഈ അവസരം ഉപയോഗിക്കുന്നില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.