തിരുവനന്തപുരം: ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യ മുന്നണിയുടെ പ്രധാന നേതാവാണു രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാമോ എന്നു കോൺഗ്രസ് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ാഥാർഥ്യബോധമില്ലാത്ത കോൺഗ്രസ് നിലപാടാണ് ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നത്. കോൺഗ്രസിനു പഴയ പ്രതാപമില്ല എന്ന സത്യം അവർ തിരിച്ചറിയണം. സീറ്റ് വിഭജനത്തിൽ അത് ഓർമ്മയുണ്ടാകണം. ഇന്ത്യ മുന്നണി യോഗത്തിൽ ഈ വിഷയം മുന്നോട്ടു വന്നാൽ സിപിഐ ചർച്ചയ്ക്കു തയാറാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലെ മോദി ഭരണം തുടരാൻ പാടില്ല. പ്രതിപക്ഷം ഇല്ലാത്ത പാർലമെന്റ് വേണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പിലാകില്ലെന്നും പഴയ ഗ്യാരണ്ടികൾ പോലും നടപ്പിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

