തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാനാകില്ല; ഒ രാജഗോപാൽ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിന് പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങളെ തരൂർ സ്വാധീനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തരിച്ച മാധ്യമപ്രവർത്തകൻ എൻ രാമചന്ദ്രന്റെ പേരിലുള്ള അവാർഡ് ശശി തരൂരിന് സമ്മാനിക്കുന്ന ചടങ്ങിലാണ് രാജഗോപാലിന്റെ പ്രതികരണം. കർണാടക ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറാണ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിച്ചത്.

പാലക്കാട്ടുകാരനായ തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കാൻ തരൂർ തീരുമാനിച്ച അവസരത്തിൽ താൻ സംശയിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഏറ്റവും യോഗ്യൻ തന്നെയാണ് അദ്ദേഹം. നല്ല ഇംഗ്ലീഷിൽ ഭംഗിയായി സംസാരിക്കും. എന്നാൽ എന്തിനാണ് തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നത് എന്ന് താൻ ചോദിച്ചിരുന്നു. പക്ഷെ അത്ഭുതമെന്നു പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നത്. ഇനി അടുത്തകാലത്തൊന്നും വേറെ ആർക്കെങ്കിലും അവസരം ഉണ്ടാകുമോയെന്ന് താൻ സംശയിക്കുകയാണെന്നും ഒ രാജഗോപാൽ കൂട്ടിച്ചേർത്തു.