കോട്ടയം: ബിജെപിയിൽ അംഗത്വം സ്വീകരിച്ച ഓർത്തഡോക്സ് സഭാ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ സഭാ തലത്തിൽ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. ഷൈജു കുര്യനെതിരെ ഉയർന്ന പരാതികൾ അന്വേഷിക്കാൻ സഭാ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. ഓർത്തഡോക്സ് സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകും.
സംഭവത്തിൽ പ്രതികരണവുമായി ഫാദർ ഷൈജു കുര്യൻ രംഗത്തെത്തി. ഭദ്രാസന കൗൺസിലിന്റെ തീരുമാനം തന്റെ അഭ്യർത്ഥന പ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരാണ് എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമത്തിൽ വെച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്. തുടർന്ന് ഷൈജു കുര്യനെതിരെ പരസ്യ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ആവശ്യമെങ്കിൽ തീരുമാനം മാറ്റുമെന്ന് ഫാ ഷൈജു പറഞ്ഞിരുന്നു. സഭയാണ് തനിക്ക് വലുതെന്നും നേതൃത്വം പറയുന്നതുപോലെ ചെയ്യുമെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്.
ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനായിരുന്നു ഇവരുടെ തീരുമാനം.

