ജെസ്‌ന തിരോധാനക്കേസ്; സിബിഐ സമർപ്പിച്ച റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ…

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകളും സൂചനകളുമൊന്നും ലഭിച്ചിട്ടില്ലെന്നും മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സിജിഎം കോടതിയിലാണ് സിബിഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ജെസ്‌നയുടെ തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല. ജസ്‌ന മതപരിവർത്തനവും നടത്തിയിട്ടില്ല. കേരളത്തിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ മതപരിവർത്തനകേന്ദ്രങ്ങൾ പരിശോധിച്ചു. പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും സിബിഐ കോടതിയെ അറിയിച്ചു.

ജെസ്‌നയെ കുറിച്ച് അയൽ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു. കോവിഡ് കാലത്ത് ജെസ്‌ന വാക്‌സിൻ എടുത്തതിനോ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതായോ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങൾ പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന മരിച്ചതിന് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജെസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ്. ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അവർ നൽകിയ മൊഴിയെല്ലാം സത്യമാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

ജെസ്‌നയെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായവും അധികൃതർ തേടിയിരുന്നു. ഇന്റർപോൾവഴി 191 രാജ്യങ്ങളിൽ സിബിഐ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളിൽ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനാണ് നോട്ടീസ് നൽകിയത്. ഇന്റർപോളിൽ നിന്നും യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്.