ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: തൃശൂരിൽ നടന്ന ബിജെപി സമ്മേളനത്തിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിന്റെ പേരിൽ നടിയും നർത്തകിയുമായ ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രധാനമന്ത്രി പങ്കെടുത്ത യോഗമല്ലേ, പ്രധാനപ്പെട്ടആളുകൾ പങ്കെടുത്തോട്ടെയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അതിൽ തങ്ങൾക്കെന്താ തർക്കമുള്ളത്. ശോഭന കേരളീയത്തിന്റെ അംബാസഡർ ആയിക്കോട്ടെ, അതിനൊന്നും കുഴപ്പമില്ലെന്നും പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ട് കേരളീയത്തിൽ പങ്കെടുത്തത് തെറ്റാണെന്ന് പറയാൻ പറ്റുമോ. കലാകാരന്മാരെയും കായികരംഗത്തുള്ളവരെയുമെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കേണ്ട. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലും അതുപോലെ വളരെ പ്രധാനപ്പെട്ട യോഗങ്ങളിലുമൊക്കെ ആളുകൾ പങ്കെടുക്കുന്നില്ലേ. പാർട്ടി പരിപാടിയിലൊക്കെ ബിജെപി ആളുകളെ പങ്കെടുപ്പിക്കും. ഇതല്ലേ അവർ ചെയ്തുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞവർ പോകില്ല, തിരിച്ചറിയാത്തവർ പോകും. പിന്നെ തിരിച്ചറിയുമ്പോൾ അവർ ശരിയായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

തങ്ങൾ ഇവരേത് രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഒപ്പം നിൽക്കുന്നുവെന്ന് നോക്കിയല്ല അംബാസഡറാക്കുക. അവരുടെ കഴിവാണ് നോക്കുക. ശോഭനയേപ്പോലെയുള്ള ഒരു നർത്തകി, സിനിമാ മേഖലയിലെ വളരെ പ്രഗൽഭ അവരെയൊന്നും ബിജെപിയുടെ അറയിലാക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. ഏതു രാഷ്ട്രീയമുള്ളവരായാലും കലാ, കായിക താരങ്ങൾ കേരളത്തിന്റെ പൊതുസ്വത്താണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.