തിരുവനന്തപുരം: മകരവിളക്കിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 800 ബസുകൾ സർവീസ് നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിന്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാന്റിൽ കയറേണ്ടതില്ല. ബസിൽ ആളു നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെന്റ് സൗകര്യവും ഒരുക്കും. ദേവസ്വം ബോർഡ് നിലയ്ക്കലിലെ റോഡുകളിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ തിരക്കുകളിൽ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ് മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കെഎസ്ആർടിസി ഡ്രൈവർമാർക്കും, ദീർഘദൂര ബസുകളിലെ ഡൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ഇലവുങ്കൽ സേഫ് സോൺ, നിലയ്ക്കൽ, പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തുകയും ചെയ്തു.