സോൾ: സൈനികാവശ്യത്തിനുള്ള ഡ്രോണുകൾ നിർമ്മിക്കാനും ആണവശേഷി വർധിപ്പിക്കാനും തീരുമാനിച്ച് ഉത്തരകൊറിയ. 2024-ൽ മൂന്ന് ചാര ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനാണ് ഉത്തര കൊറിയയുടെ തീരുമാനം. യുഎസ്സിന്റെ നയം യുദ്ധം അനിവാര്യമാക്കിയിരിക്കുകയാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അറിയിച്ചു.
ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) അഞ്ച് ദിവസം നീണ്ട യോഗത്തിലാണ് കിം ഇക്കാര്യങ്ങൾ പറഞ്ഞത്. പുതിയ വർഷത്തെ സാമ്പത്തികം, സൈനികം, വിദേശനയം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനായാണ് പാർട്ടി യോഗം ചേർന്നത്.
നമ്മളെ ആക്രമിക്കാനുള്ള ശത്രുക്കളുടെ വീണ്ടുവിചാരമില്ലാത്ത നീക്കങ്ങൾ കാരണം കൊറിയൻ ഉപദ്വീപിൽ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ പ്രത്യാക്രമണത്തിൽ ഉപയോഗിക്കാൻ ആണവായുധങ്ങൾ ഉൾപ്പെടെ സജ്ജമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

