ഗുസ്തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്; വി എൻ വാസവൻ

തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി എൻ വാസവൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പദവിക്ക് യോജിക്കാത്തതാണെന്ന് വി എൻ വാസവൻ വ്യക്തമാക്കി. കേരളം സ്ത്രീപുരോഗതിയിൽ രാജ്യത്തിന് മാതൃകയാണ്. കുടുംബശ്രീ പ്രസ്ഥാനങ്ങൾ അതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുസ്തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്. ഗുസ്തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ്. അതിനോട് മുഖം തിരിച്ചിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്. കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന് കുടുംബശ്രീ പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. യാഥാർത്ഥ്യം മറച്ചു പിടിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം നടപ്പാക്കിയ നാടാണിത്. അവിടെ വന്നാണ് മോദി സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി കഴിഞ്ഞ ദിവസം തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയും റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ ഇകഴ്ത്തിക്കാട്ടാൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ചായിരുന്നു വി എൻ വാസവന്റെ പരാമർശം.