കോഴിക്കോട്: അയോധ്യ വിഷയത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണിച്ചാൽ രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കിൽ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടത്. അല്ലാതെ പത്രമല്ല. അയോധ്യയിൽ ആര് എവിടെ പോയാലും തങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പട്ടു.
ആഘോഷത്തിൽ പങ്കെടുക്കുന്നതിന് വിവിധ വശങ്ങൾ ഉണ്ട്. ഒറ്റവാക്കിൽ പറയേണ്ടതല്ല. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

