കോഴിക്കോട്: ക്ഷീര കർഷകർക്ക് പുതുവത്സര സമ്മാനവുമായി മലബാർ മിൽമ. ക്ഷീര കർഷകർക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നൽകും. 2.25 കോടി രൂപ അധിക പാൽവിലയായും കാലിത്തീറ്റ സബ്സിഡിയായി 75 ലക്ഷം രൂപയും നൽകാനാണ് മേഖലാ യൂണിയൻ ഭരണ സമിതി യോഗത്തിന്റെ തീരുമാനം.
2023 നവംബർ ഒന്നു മുതൽ 30 വരെ മേഖലാ യൂണിയന് പാൽ നൽകിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലീറ്ററിന് ഒരു രൂപ വീതമാണ് അധിക വിലയായി നൽകുക. ഇത് 2.25 കോടി രൂപ വരും. അധിക പാൽവില ഡിസംബർ 21 മുതൽ 31 വരെയുള്ള പാൽ വിലയോടൊപ്പം ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നൽകും.
വർധിച്ചു വരുന്ന പാലുൽപാദന ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിനാണ് അധിക പാൽവില നൽകുന്നതെന്ന് മിൽമ ചെയർമാൻ കെ എസ് മണി വ്യക്തമാക്കി. സംഘങ്ങൾ തുക കണക്കാക്കി മലബാറിലെ കാസർഗോഡ് മുതൽ പാലക്കാടു വരെയുള്ള ആറു ജില്ലകളിലെ ക്ഷീര കർഷകർക്ക് കൈമാറും. ഇതുപ്രകാരം സെപ്തംബറിൽ മിൽമ ക്ഷീര സംഘങ്ങൾക്ക് നൽകുന്ന ശരാശരി പാൽ വില ലീറ്ററിന് 46 രൂപ 44 പൈസയാകും.
ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് ഡിസംബറിൽ നൽകിയ 100 രൂപ സബ്സിഡി ജനുവരിയിലും തുടരും. കാലിത്തീറ്റ സബ്സിഡി, അധിക പാൽവില എന്നീ ഇനത്തിൽ മൂന്നു കോടി രൂപ മലബാറിലെ ക്ഷീര കർഷകരിലേക്ക് എത്തുന്നതാണെന്ന് മിൽമ ചെയർമാൻ കെ എസ് മണി, മാനേജിങ് ഡയറക്ടർ കെ സി ജയിംസ് എന്നിവർ അറിയിച്ചു.

