പുതിയ ടെലികോം ബിൽ പാസാക്കി ലോക്‌സഭയും രാജ്യസഭയും

ന്യൂഡൽഹി: പുതിയ ടെലികോം ബിൽ പാസാക്കി ലോക്‌സഭയും രാജ്യസഭയും. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ ബില്ല് നിയമമാകും. 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്‌സ് നിയമം എന്നിവ പുതിയ ബില്ല് പാസാകുന്നതോടെ പിൻവലിക്കും.

ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ ചുമത്തുന്നത്.

ടെലികോം കോളുകളും, മെസേജുകളുമാണ് ബില്ലിന്റെ പരിധിയിൽ വരുന്നത്. ഇന്റർനെറ്റ് കോളും മെസേജും ഈ പരിധിയിൽ വരില്ല. അനുവദനീയമായ എണ്ണത്തിലുമധികം സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ പിഴ ഈടാക്കാം. ചട്ടമനുസരിച്ച് 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് 6 ആണ്. സൈബർ തട്ടിപ്പുകൾ തടയാനാണിത്. ഒരാളെ ചതിയിൽപ്പെടുത്തി അയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം കാർഡ് എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കാം.

രാജ്യസുരക്ഷയ്ക്കടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിന് കമ്പനികൾക്ക് നിർദേശം നൽകാം. യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാം. സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ ‘ഇന്റർസെപ്റ്റ്’ ചെയ്യാൻ പാടില്ല. എന്നാൽ ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെയും സന്ദേശങ്ങൾ ഇന്റർസെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയും. ഒരു സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികൾക്ക് സർക്കാർ വഴി അനുമതി ലഭിക്കും. അമിതമായ ടെലികോം നിരക്ക് ചുമത്തുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് കമ്പനികളെ നിർദേശിക്കാം.