രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സോണിയ ഗാന്ധിയ്ക്കും ഖാർഗെയ്ക്കും ക്ഷണം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്ക് ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷണക്കത്ത് അയച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച് ഡി ദേവഗൗഡ തുടങ്ങിയവർക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. കൂടുതൽ പ്രതിപക്ഷ നേതാക്കൾക്ക് വരും ദിവസങ്ങളിൽ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചേക്കുമെന്നാണ് വിവരം.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത് ജനുവരി 22 നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിലേക്ക് നാലായിരത്തോളും പുരോഹിതരെയും രണ്ടായിരത്തിലധികം മറ്റ് അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, യോഗ ഗുരു ബാബ രാംദേവ്, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത് തുടങ്ങി നിരവധി പ്രമുഖർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.