ദൈവം കേരളത്തിനു നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ; വി എൻ വാസവൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മന്ത്രി വി എൻ വാസവൻ. ദൈവം കേരളത്തിനു നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. കാലം കാത്തുവച്ച കർമയോഗിയാണ് അദ്ദേഹമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണ്. പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ല. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കും. കോവിഡ് കാലത്തും പ്രളയകാലത്തും തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങൾ ഇരമ്പിയാർക്കുന്നത്. അമ്മമാർ സീരിയൽ കാണാൻ വന്നിരിക്കുന്നത് പോലെ കോവിഡ് കാലത്ത് ജനങ്ങൾ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് കാതോർക്കുമായിരുന്നു. എല്ലാ ഭയങ്ങളും മാറി, ഇതാ കാലം കാത്തുവെച്ച കർമ്മയോഗി കേരളത്തെ സംരക്ഷിക്കാൻ എല്ലാ കവചങ്ങളുമായി മുന്നോട്ട് വരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ഫിലിപ്പോസ്, ക്രിസ്റ്റോസം തിരുമേനിയെ കാണാൻ പോയിരുന്നു. അദ്ദേഹത്തെ പരിശോധിച്ച് തിരിച്ചിറങ്ങുമ്പോ അദ്ദേഹം പറഞ്ഞു ഈ വെള്ളപ്പൊക്കത്തിൽ താൻ പോകുമെന്ന് വിചാരിച്ചതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുള്ളത് കൊണ്ടാണ് താൻ ജീവിച്ചത്. അദ്ദേഹം കേരളത്തിനു ദൈവം നൽകിയ വരദാനമാണെന്നാണ് ഡോക്ടർ പറഞ്ഞത്. കേരളത്തിനു കിട്ടിയ വരദാനമായ പിണറായി വിജയനെ തൊടാൻ സതീശനല്ല സുധാകരനല്ല നിങ്ങൾ ഒന്നടങ്കം വന്നാലും ജനങ്ങൾ രക്ഷാകവചം തീർക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നവകേരള സദസ്സിനെ എതിർക്കുന്തോറും കൂടുതൽ ആവേശത്തോടെ ജനങ്ങൾ എത്തിച്ചേരുകയാണ്. ഇന്നലെ വരെ കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന, കേറിക്കിടക്കാനിടമില്ലാതിരുന്ന ഇന്നലെ വരെ ബന്ധുജനങ്ങളുടെ വീട്ടിൽ കഴിഞ്ഞിരുന്ന പുറമ്പോക്കുകളിലും റെയിൽവെ സ്റ്റേഷനിലും കിടന്നിരുന്ന നാലുലക്ഷത്തിൽപരമാളുകൾക്ക് കയറിക്കിടക്കാൻ ഒരു കൂരയുണ്ടായി. ആ കൂരയുണ്ടായത് പിണറായി സർക്കാരിന്റെ ഈ കഴിഞ്ഞ ഏഴു വർഷക്കാലത്തെ പ്രവർത്തനത്തിന്റെ ഫലമാണെങ്കിൽ ആ ഫലം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ല. അതാണ് നവകേരളം കെട്ടിപ്പടുക്കുന്ന രംഗത്തെ സർക്കാരിന്റെ വീക്ഷണം. കിടപ്പാടമില്ലാത്തവന് കിടപ്പാടം ഉണ്ടാക്കി കൊടുക്കുന്നു അതാണ് നവകേരളം. 1600 രൂപ പെൻഷൻ കൊടുക്കുന്ന ഏകസംസ്ഥാനം കേരളമാണ്. അത് കൊടുക്കേണ്ടതില്ലെന്ന് കേന്ദ്രഗവൺമെന്റ് പിണറായി സർക്കാരിനോട് പറയുന്നു. ഈ സർക്കാർ ഉള്ള കാലം വരെയും കേരളത്തിലെ പാവങ്ങൾക്ക് പെൻഷൻ കൊടുത്തുകൊണ്ടേയിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ നാട്ടിൽ നിന്നാരും വിദേശത്തേക്ക് പോകാതെ അവർ തൊഴിൽദായകരാകുന്ന രൂപത്തിലേക്ക് വിദ്യാഭ്യാസം മാറി. കേരളത്തിൽ അതിദരിദ്രരായി ആരുമുണ്ടായിരിക്കാൻ പാടില്ലെന്നാതാവണം ആത്യന്തിക ലക്ഷ്യമെന്നാണ് ആദ്യ കാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതെന്നും വാസവൻ ചൂണ്ടിക്കാട്ടി.

റോഡും പാലവും കലുങ്കും മാത്രമല്ല വികസനം. നാലുലക്ഷത്തിൽപരം വീടുകൾ വെച്ചുകൊടുത്തിട്ട് ഒരിടത്തു പോലും മുഖ്യമന്ത്രിയുടെ പടം വെയ്ക്കണമെന്ന് ഇടതുപക്ഷം പറഞ്ഞില്ല. എന്നാൽ എഴുപത്തയായ്യിരം രൂപ തരുന്നതിന്റെ പേരിൽ പ്രധാനമന്ത്രിയുടെ പടം ലൈഫ് ഭവനങ്ങളിൽ വെയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തിട്ടൂരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.