ന്യൂഡൽഹി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇന്ത്യ ഐക്യമുന്നണി സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഇന്ത്യ സഖ്യമുന്നണിയുടെ നാലാം യോഗത്തിലാണ് മമത ബാനർജി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഡിസംബർ 31-നു മുമ്പ് സീറ്റു പങ്കിടലുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കണമെന്നും മമത യോഗത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
2019 ൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രിയങ്ക മോദിയെ നേരിടണമെന്ന ആവശ്യമുന്നയിച്ച് പോസ്റ്ററുകളുൾപ്പടെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, അജയ് റായിയെയാണ് കോൺഗ്രസ് അന്ന് സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡിസംബർ അവസാനത്തോടെയും സഖ്യനേതൃത്വവുമായി ബന്ധപ്പെട്ട തീരുമാനം ജനുവരി ആദ്യവുമുണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

