ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ല; വിമർശനവുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പരാമർശം.

സംസ്‌കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നത്. എസ്എഫ്‌ഐ വിദ്യാർത്ഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് ഗവർണർ വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വർഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങൾ നടത്തി രക്തസാക്ഷികൾ ആയവരുടെ നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. പോലീസിനെ ഷെയിംലെസ്സ് പീപ്പിൾ എന്നാണ് സംബോധന ചെയ്തത്. കേരളം ബഹുമാനിക്കുന്ന, രാജ്യത്തെ മതേതര മനസുകൾ നിലപാടുകൾക്ക് ഉറ്റു നോക്കുന്ന, ചരിത്രം സൃഷ്ടിച്ച് തുടർഭരണം നേടിയ കേരള മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണറെന്നും അദ്ദേഹം അറിയിച്ചു.

ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇവയെന്നും അദ്ദേഹം ചോദിച്ചു.