പോലീസ് നിയമം പാലിച്ചില്ലെങ്കിൽ അതേ നാണയത്തിൽ മറുപടി നൽകും; വി ഡി സതീശൻ

തിരുവനന്തപുരം: ഉജ്ജ്വലമായ ഒരു സമര പാരമ്പര്യമുണ്ട് യൂത്ത് കോൺഗ്രസിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസ് നരനായാട്ടിലും , ഗുണ്ടാരാജിലും, മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകളുടെ അധമ പ്രവർത്തികളിലും തളരാത്ത സമര ചരിത്രമാണെന്നും തല്ലിക്കെടുത്താൻ കഴിയാത്ത ആ സമരവീര്യത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പ്രവർത്തകരെ തങ്ങൾ സംരക്ഷിക്കും. പോലീസ് നിയമം പാലിച്ചില്ലെങ്കിൽ അതേ നാണയത്തിൽ മറുപടി നൽകും. അടിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ എണ്ണി എണ്ണി തിരിച്ചടിക്കും. കല്യാശ്ശേരിയിലുണ്ടായത് എന്തെന്ന് എല്ലാവരും കണ്ടതാണ്. മുഖ്യമന്ത്രിയാണ് കല്യാശ്ശേരിയിൽ കലാപത്തിന് ആഹ്വാനം ചെയ്തത്. അതിന്റെ ഫലമാണ് പിന്നീട് ഓരോ ജില്ലയിലും സമാധാനപരമായി കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർക്കു നേരെ ക്രൂരമായ മർദനം അഴിച്ചുവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

വഴിയരികിൽ നിന്ന് കരിങ്കൊടി കാണിക്കുന്നവരെ തല്ലാൻ എന്ത് അധികാരമാണുള്ളത്. ഡിവൈഎഫ്‌ഐക്കാരേയും ഗുണ്ടകളേയും കൊണ്ട് തങ്ങളുടെ പ്രവർത്തകരെ ക്രൂരമായി മർദിച്ചു. കല്യാശ്ശേരി മുതൽ ഇങ്ങോട്ട് എല്ലാ ജില്ലകളിലും ക്രൂരമായ മർദനമാണ് അഴിച്ചുവിട്ടത്. ക്രിമിനലുകളുടെ അകമ്പടിയോടെ മുഖ്യമന്ത്രി സഞ്ചരിക്കുന്നത് കോൺഗ്രസുകാരെ പേടിച്ചിട്ടാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ധാരണ അദ്ദേഹം മഹാരാജാവാണെന്നാണ്. മറ്റുള്ളവരുടെ മക്കളെ റോഡിലിട്ട് തല്ലിച്ചതയ്ക്കുമ്പോൾ അത് കണ്ട് ആഹ്ലാദിക്കുന്ന സാഡിസ്റ്റ്, ക്രിമിനൽ മനസ്സുള്ളയാളാണ് മുഖ്യമന്ത്രി. എല്ലാത്തിനും ഒരു പരിധിയുണ്ട്. എറിയുന്ന ഒരു കടലാസു പോലും ചുരുട്ടിയെറിയരുതെന്നാണ് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരോട് പറഞ്ഞത്. ഇന്നത് മാറ്റിപ്പറയുകയാണ്. മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്‌സണൽ സ്റ്റാഫുകളും ക്രിമിനലുകളാണ്. അവരെ ആ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കല്യാശ്ശേരി മുതൽ കൊല്ലം വരെ തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ച ക്രിമിനലുകൾക്കെതിരെ കേസെടുക്കണം. ഈ രണ്ട് കാര്യങ്ങളും ചെയ്തില്ലെങ്കിൽ, തിരിച്ചടിക്കും. കല്യാശ്ശേരി മുതൽ യൂത്ത് കോൺഗ്രസുകാരെ തല്ലിയവരുടെ പേരുകൾ തങ്ങളുടെ പക്കലുണ്ട്. നടപടിയെടുത്തില്ലെങ്കിൽ, കല്യാശ്ശേരിയിൽ നിന്ന് തന്നെ തങ്ങൾ തുടങ്ങുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.