കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി പിഎം ആർഷോയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നൂറോളം ബാനറുകൾ ഗവർണർക്കെതിരെ ക്യാമ്പസിൽ ഉയർത്തും. ക്യാമ്പസുകളെ കാവിവത്ക്കരിക്കാൻ അനുവദിക്കില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവകലാശാലകളിൽ ആർഎസ്എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമം. സർവകലാശാലകളിലെ കാവിവൽക്കരണത്തിന്റെ തുടർച്ചയാണിത്. ഇതിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോൾ കാണുന്നത്. സർവകലാശാലയിലെ കാവിവൽക്കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച് മറയ്ക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്. അത് കേരളം അനുവദിച്ചുനൽകില്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

