കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായുള്ള ടാറ്റ ട്രസ്റ്റ് ഗവൺമെന്റ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കുന്നു

ചട്ടഞ്ചാൽ: ടാറ്റ ഗ്രൂപ്പ് കോവിഡ് ബാധിതരുടെ ചികിത്സയ്ക്കായി തെക്കിലിൽ നിർമിച്ചു നൽകിയ ടാറ്റ ട്രസ്റ്റ് ഗവൺമെന്റ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കുന്നു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതിതീവ്ര പരിചരണ ആശുപത്രി ഒരു വർഷത്തിനകം 50 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള രീതിയിൽ മാറ്റുന്ന കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.

ആശുപത്രിയിൽ ട്രോമ കെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ജില്ലാ പഞ്ചായത്തിനായിരിക്കും കാസർകോട് ജില്ലാ ആശുപത്രിയുടെ അനുബന്ധമായിരിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ചുമതല. ആശുപത്രി കെട്ടിട നിർമാണം തുടങ്ങുന്നതിന്റെ പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ചാ വിഷയമായി.

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യുവകുപ്പിൽ നിലനിർത്തിയാണ് ആരോഗ്യവകുപ്പിന് ഭൂമി കൈമാറിയിരിക്കുന്നത്. പദ്ധതിക്ക് 3 മാസത്തിനകം ഭരണാനുമതിയും തുടർന്ന് സാങ്കേതിക അനുമതിയും ലഭ്യമാക്കി ആറുമാസത്തിനകം ആശുപത്രിയുടെ നിർമാണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. ടാറ്റ ആശുപത്രി സ്ഥിതി ചെയ്യുന്ന റവന്യു ഭൂമിയിൽ ആരോഗ്യവകുപ്പിന് ഉപയോഗാനുമതി നൽകി സർക്കാർ ഉത്തരവായതിനു തുടർന്നാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നത്.