മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇനിമുതൽ വാഹനഗതാഗതം തടയില്ല; തീരുമാനവുമായി തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയിലെ നഗരങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇനിമുതൽ വാഹനഗതാഗതം തടയില്ല. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനം. തന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന്റെ പേരിൽ ട്രാഫിക് നിർത്തിവയ്‌ക്കേണ്ടതില്ലെന്ന് രേവന്ത് റെഡ്ഡി ഡിജിപിയോട് നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ യാത്രയുടെ പേരിൽ പൊതുജനങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കേണ്ടതില്ലെന്നാണ് രേവന്ത് റെഡ്ഡിയുടെ നിലപാട്.

തന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഗതാഗത തടസം കുറയ്ക്കുന്നതിനായാണ് നീക്കം. 15 വാഹനങ്ങളാണ് നിലവിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നത്. ഇതു വെട്ടിക്കുറച്ച് ഒൻപതു വാഹനങ്ങളാക്കാനാണ് നിർദ്ദേശം. തനിക്ക് ജനത്തിനൊപ്പമായിരിക്കാനാണ് ഇഷ്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായി ആശയവിനിമയം നടത്തണം. സ്വസ്ഥമായി വീട്ടിലിരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. പകരം ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും അതു പരിഹരിക്കാനുമാണ് ഇഷ്ടം. അതുകൊണ്ട് എന്റെ യാത്രാവേളകളിൽ പൊതുജനങ്ങളുടെ വാഹനം തടഞ്ഞ് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പകരം മറ്റു വഴികൾ കണ്ടെത്തൂവെന്ന് അദ്ദേഹം വ്യക്തമാക്കി.