കോട്ടയം: എൻഡിഎ മുന്നണിയുടെ ഭാഗമാകാനൊരുങ്ങി പി സി ജോർജിന്റെ ജനപക്ഷം സെക്യുലർ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ മുന്നണിയുടെ ഭാഗാമാകാനാണ് ജനപക്ഷം സെക്യുലർ പദ്ധതിയിടുന്നത്. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായിരിക്കും പാർട്ടിക്ക് ഉണ്ടാകുകയെന്ന തീരുമാനം എടുത്തിരിക്കുകയാണ് കേരള ജനപക്ഷം (സെക്യുലർ) സംസ്ഥാന കമ്മിറ്റി. ഐക്യകണ്‌ഠേനയാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്.
വർക്കിംഗ് ചെയർമാൻ ഇ കെ ഹസൻകുട്ടിയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഉണ്ടായത്. അതേസമയം, എൻഡിഎ മുന്നണി നേതൃത്വവുമായോ ബിജെപി നേതൃത്വവുമായോ ഇത് സംബന്ധിച്ചു ഔദ്യോഗികമായി ചർച്ചകൾ നടന്നിട്ടില്ലെന്നും. ബിജെപി, എൻഡിഎ നേതൃത്വങ്ങളുമായി ചർച്ച നടത്തുന്നതിന് പി സി ജോർജ്, ഇ കെ ഹസ്സൻകുട്ടി, ജോർജ് ജോസഫ് കാക്കനാട്ട്, നിഷ എം എസ് പി വി വർഗീസ് എന്നിവർ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും ജനപക്ഷം സെക്യുലർ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ലോകത്തിനും രാജ്യത്തിനും ഒരുപോലെ സ്വീകാരനായ, ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ സംഭാവന നൽകുകയും ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യ താല്പര്യങ്ങൾക്ക് ഉത്തമമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കാർഷിക മേഖലയിൽ മോദി സർക്കാർ വലിയ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ കേന്ദ്രസർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് പിസി ജോർജ് വ്യക്തമാക്കി.
ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാനെന്നും അദ്ദേഹം അറിയിച്ചു.

