തൃക്കരിപ്പൂർ: വിദേശത്തെ വിവിധ ബാങ്കുകളിൽ നിന്നു 300 കോടി രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിൽ ഇ ഡി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത പ്രവാസി വ്യവസായി തൃക്കരിപ്പൂർ ഉടുമ്പുന്തലയിൽ താമസിക്കുന്ന സി ജി അബ്ദുൽ റഹീമിനെതിരെ വിശദമായ അന്വേഷണം നടത്താനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും 2017-18 വർഷത്തിൽ കോടികൾ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അന്വഷണം നടക്കുക. ബാങ്കുകൾ ഇന്ത്യൻ എംബസി വഴി പരാതി നൽകിയിരുന്നു. തട്ടിയെടുത്ത പണം റിയൽ എസ്റ്റേറ്റിലും സിനിമാ മേഖലയിലും നിക്ഷേപിച്ചതായി ഇഡി സംശയിക്കുന്നുണ്ട്.
ഇന്നലെ നടത്തിയ അന്വേഷണം ഇതിന്റെ ചുവടുപിടിച്ചാണ്. ഒരു മലയാള സിനിമയിൽ 60 ശതമാനം മുടക്കു മുതൽ അബ്ദുൽ റഹീമിന്റേതാണെന്നു ഇഡിയുടെ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടുമായാണ് വ്യാപാര ബന്ധങ്ങളെക്കുറിച്ച് ഇഡി കൂടുതലും അന്വേഷിച്ചത്.

