സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി ഒഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കോട്ടയം: സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി ഒഴിഞ്ഞ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നേരത്തെ രാജി നൽകിയിരുന്നെങ്കിലും മാർപ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 12 വർഷമായി സിറോ മലബാർ സഭയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

2019 ജൂലൈ 19-ന് മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്ത് നിന്ന് വിരമിക്കാനുള്ള ആഗ്രഹം മാർപ്പാപ്പയെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം. 2022 നവംബർ 15-ന് വീണ്ടും സമർപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് മാർപ്പാപ്പ തന്നെ വിരമിക്കാൻ അനുവദിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, തൃശൂർ ആർച്ച് ബിഷപ്പ് കൂടിയായ മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു. സഭയുടെ രീതിയനുസരിച്ച് പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കും. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും.