തിരുവനന്തപുരം: ലൈഫ് മിഷൻ ഉൾപ്പെടെ ഭവന നിർമ്മാണ പദ്ധതികൾ വഴി നൽകുന്ന വീടുകൾക്ക് ബ്രാന്റിംഗ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന മറുപടി.
ബ്രാന്റിംഗ് നൽകുന്നത് വിവേചനത്തിന് ഇടയാക്കുമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സർക്കാർ ലൈഫ് മിഷൻ എന്ന ഒറ്റ പദ്ധതി ആവിഷ്കരിച്ചത് എല്ലാ ഭവന നിർമ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ്. പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാൻ നൽകുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാർ നൽകുന്നത് 72000 രൂപയാണ്. ബാക്കി തുക കൂടി ചേർത്ത് നാല് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഗുണഭോക്താവിന് നൽകുന്നത്. കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കുന്ന വീടുകളിൽ അത് രേഖപ്പെടുത്തും വിധം ലോഗോ വേണമെന്ന ആവശ്യമാണ് തർക്കത്തിലേക്ക് വഴി വെച്ചത്.
ലൈഫ് മിഷന് കീഴിൽ 2023 ഒക്ടോബർ 31 വരെ പൂർത്തിയാക്കിയത് 3,56,108 വീടാണ്. അതിൽ പ്രധാൻമന്ത്രി ആവാസ് യോജന അർബൻ വിഭാഗത്തിൽ 79860 വീടും ഗ്രാമീൺ വിഭാഗത്തിൽ 32171 വീടുകളുമാണുള്ളത്.

