തൃശൂർ: കേരള വർമ്മ കോളേജ് യൂണിയൻ ചെയർമാനായി എസ്എഫ്ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവർമ്മയിലും എസ് എഫ് ഐ വളർന്നതെന്നും മറിച്ച് ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണെന്നും മന്ത്രി അറിയിച്ചു. അമരന്മാരായ ധീരരക്തസാക്ഷികളുടെ ആവേശകരമായ സ്മരണകളാണ് അതിന് ഊർജ്ജം പകരുന്നതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ യാതൊരു വിധ ഇടപെടലുകളും കോളേജ് തെരഞ്ഞെടുപ്പുകളിൽ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ചു പറയട്ടെയെന്നും ബിന്ദു കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ശ്രീ കേരളവർമ്മ കോളേജിൽ കോടതി നിർദ്ദേശം അനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോൾ വീണ്ടും എസ് എഫ് ഐ യുടെ ചെയർമാൻ സ്ഥാനാർഥി വിജയിച്ചിരിക്കുന്നു…. വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടെണ്ണുന്ന പ്രക്രിയയാകെ. …
ഈ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ് എഫ് ഐ യെ ജയിപ്പിച്ചു എന്നാരോപിച്ച് കുറേ ദിവസങ്ങൾ ഞാൻ എവിടെ പോയാലും കെ എസ് യു ക്കാരും യൂത്ത് കോൺഗ്രസുകാരും കരിംകൊടിയുമായി പിന്നിലും മുന്നിലും ചാടി വീണ് അക്രമോത്സുകമായ മുദ്രാവാക്യവർഷവും അട്ടഹാസങ്ങളും കെട്ടഴിച്ചു വിട്ടു. ഓഫിസിന് മുന്നിൽ പത്രസമ്മേളനം നടത്തുമ്പോൾ പോലും ആക്രോശിച്ച് അലറി ആക്രമിക്കാൻ ഓടിയടുത്തു.
ഇപ്പോളിനി അവർ എന്തു പറയും?
പ്രിയരേ, മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവർമ്മയിലും എസ് എഫ് ഐ വളർന്നത്. ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണ്. ..അമരന്മാരായ ധീരരക്തസാക്ഷികളുടെ ആവേശകരമായ സ്മരണകളാണ് അതിന് ഊർജ്ജം പകരുന്നത്.
ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ യാതൊരു വിധ ഇടപെടലുകളും കോളേജ് തെരഞ്ഞെടുപ്പുകളിൽ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ചു പറയട്ടെ.
കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ. .

