തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ എ റഹീം എംപിയെയും എം സ്വരാജിനെയും ശിക്ഷിച്ച് കോടതി. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാർച്ചിൽ നടന്ന അക്രമ സംഭവങ്ങളുടെ പേരിലാണ് നടപടി. ഒരു വർഷം തടവും പിഴയുമാണ് ഇരുവർക്കും ലഭിച്ച ശിക്ഷ.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി നാലാണ് ശിക്ഷ വിധിച്ചത്. മജിസ്‌ട്രേട്ട് ശ്വേതാ ശശികുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.
നിയമസഭാ മാർച്ചിനിടെ നടന്ന സംഘർഷത്തിൽ പൊലീസ് ബാരിക്കേഡ് തകർത്തെന്നും വാഹനങ്ങൾ നശിപ്പിച്ചെന്നുമാണ് കേസ്. കേസിൽ ആറും ഏഴും പ്രതികളാണ് സ്വരാജും റഹീമും. ആകെയുള്ളത് പത്ത് പ്രതികളാണ്. ഐപിസി 332 വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

