തിരുവനന്തപുരം: മുത്തശ്ശി വേഷങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടിയ അഭിനേത്രി സുബ്ബലക്ഷിമയുടെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചത്. 87 വയസായിരുന്നു. നിഷ്ക്കളങ്കമായ ചിരിയായിരുന്നു സുബ്ബലക്ഷ്മിയുടെ ഏറ്റവും വലിയ സവിശേഷത.
കല്യാണരാമൻ, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, രാപ്പകൽ, കന്മദം, ബീസ്റ്റ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സുബ്ബലക്ഷ്മി അഭിനയിച്ചു.
27 വർഷം സംഗീതാധ്യാപികയായും സുബ്ബലക്ഷ്മി സേവനമനുഷ്ഠിച്ചു. അടുത്തകാലം വരെ ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും സുബ്ബലക്ഷ്മി സജീവമായിരുന്നു. നടി താര കല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയിൽ ഗായികയായും ജാക്ക് ആൻഡ് ഡാനിയൽ മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോൾ എന്നിവയിൽ ഡബ്ബിംഗ് ആർടിസ്റ്റുമായും സുബ്ബലക്ഷ്മി തിളങ്ങി. സിനിമാ ലോകത്തെ നിരവധി പ്രമുഖർ സുബ്ബലക്ഷ്മിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

