ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തകർന്നതല്ല; അഴിച്ചുമാറ്റിയതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തൃശ്ശൂർ: ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജ് വാർത്തയുടെ പിന്നിൽ കേരളത്തിലെ ബീച്ച് ടൂറിസം വളരരുതെന്ന് ആഗ്രഹിക്കുന്ന ഒരു ലോബി ഉണ്ടോ എന്നത് പരിശോധിക്കണമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാവക്കാട് ബ്ലാങ്ങാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തകർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വേലിയേറ്റ മുന്നറിയിപ്പിനെ തുടർന്ന് അഴിച്ചുമാറ്റിയതാണിതെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. മലപ്പുറത്തെ നവകേരള സദസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച വിശദീകരണം നടത്തിയത്.

സാധാരണഗതിയിൽ വ്യക്തിപരമായി ഉയരുന്ന അക്ഷേപങ്ങൾക്ക് താൻ മറുപടി പറയാറില്ല. എന്നാൽ, ടൂറിസം മേഖലയെ ബാധിക്കുന്ന കാര്യമായതിനാലാണ് ഇക്കാര്യത്തിൽ വിശദീകരണത്തിന് മുതിരുന്നത്. വേലിയേറ്റ മുന്നറിയിപ്പ് വന്നയുടൻ തന്നെ പാലത്തിലേക്കുള്ള പ്രവേശനം നിരോധിക്കുകയും പിന്നീട് അതിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അഴിച്ചുമാറ്റുകയും ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയുടെ കുതിപ്പിനെയും വർധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിനെയും കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ സാധ്യതയെ ഇത്തരം പ്രചരണങ്ങൾ വലിയ തോതിൽ ബാധിക്കും. തീരദേശ മേഖലയിലേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി കടലിലൂടെ നടക്കാൻ സാധിക്കുന്ന തരത്തിൽ സജീകരിച്ചിട്ടുള്ള സംവിധാനമാണ് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ്. ഇത് ടൂറിസം വകുപ്പും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും എല്ലാ സുരക്ഷ സംവിധാനങ്ങളും ഇൻഷുറൻസ് ഉൾപ്പെടെ ഒരുക്കിയാണ് നടപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.