സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി സജി ചെറിയാനും. ഗവര്‍ണര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട പ്രഥമ പൗരനാണ് എന്നും ഇനിയും സ്ഥാനത്ത് തുടരുന്നത് ശരിയോ എന്ന് അദ്ദേഹത്തെ നിയോഗിച്ചവര്‍ കൂടിയാലോചിക്കണമെന്നും സജി ചെറിയാന് പറഞ്ഞു.ഗവര്‍ണര്‍ക്ക് നേരെയുണ്ടായത് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനമാണ്. ഇനിയും സ്ഥാനത്ത് തുടരാൻ ധാർമികത ഉണ്ടെങ്കിൽ കഴിയില്ലെന്ന് സജി ചെറിയാന് പറഞ്ഞു. താൻ മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു. ആ പ്രസംഗത്തിന്റെ പേരില്‍ താന്‍ രാജിവയ്ക്കാന്‍ തയ്യാറായി.
ഒടുവില്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതിന് ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്തിയപ്പോള്‍ ഗവര്‍ണര്‍ എതിര്‍ത്തു. അതുപോലെ ഇപ്പോള്‍ ഗവര്‍ണര്‍ക്ക് തുടരാനാകുമോ എന്നും മന്ത്രി ചോദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ കേരളം നല്കിയ കേസിലാണ് സുപിംകോടതി അതിരൂക്ഷ വിമര്‍ശനമുന്നയിച്ചത്. പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും കേസിനാധാരമായ എട്ട് ബില്ലുകള്‍ ഇത്രയധികം വൈകിപ്പിച്ചതിന് ന്യായീകരണമില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണം ഗവര്‍ണര്‍മാര്‍ എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

