അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായും ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത് തെക്കന്‍ ആന്‍ഡമാന്‍ കടലിനും മലാക്ക കടലിടുക്കിനും മുകളിലായാണ്.

നവംബര്‍ 29-ഓടെ ഇത് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.